ദേശത്തിന്റെ സൗഖ്യം
2ദിനവൃത്താന്തം 7:14.
ഈ നാളുകളിൽ ലോക രാജ്യങ്ങൾ, വിശേഷൽ നമ്മുടെ രാജ്യമായ ഇന്ത്യ കോവിഡ് 19 എന്ന മാരകമായ പകർച്ച വ്യാധിയെ അതിന്റെ ഭീകരതയോടു കൂടി നേരിട്ടുകൊണ്ടിരിക്കു
കയാണ്. കോവിഡ് 19 ന്റെ ഒന്നാം തരംഗത്തേക്കാൾ വളരെ ഭീകരമായ,മുഖത്തോടു കൂടിയാണ് രണ്ടാം തരംഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിസ്രയേമിലെ കൊട്ടാരം മുതൽ കുടിലിൽ വരെയും നിലവിളി ഉയർന്നതുപോലെ ഇന്നു ലോകത്തിന്റെ, വിശേഷൽ ഇന്ത്യയുടെ സ്ഥിതി ആയിരിക്കുകയാണ്. ഈ അവസ്ഥയിൽ “സകല ജഡത്തിന്റെയും ദൈവമായ യഹോവയിങ്കലേക്കു”(യിരെമ്യാവ് 32:27)നോക്കുകയല്ലാതെ മറ്റൊരു വഴിയും നമുക്ക് മുൻപിലില്ല.
സകല ജഡത്തിനും വന്നു ഭവിച്ചിരിക്കുന്ന ഈ മഹാമാരി, അത് ഒരു ദേശത്തിന്റെ, ലോകത്തിന്റെ തന്നെ വിപത്ത് ആയി മാറിയിരിക്കുന്നു.
ദേശത്തിന്റെ സൗഖ്യം ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്.
2 ദിനവൃത്താന്തം 7:14 ൽ ദൈവം ദേശത്തിന്റെ സൗഖ്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ആ സൗഖ്യം ദൈവം പറഞ്ഞ നിബന്ധന പാലിക്കുന്നവർക്ക് മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.വാക്യം 14 ആരംഭിക്കുന്നത് 3 നിബന്ധനകളോട് കൂടിയാണ്. ഈ മൂന്നു നിബന്ധനകളും പറഞ്ഞിട്ട് ” എങ്കിൽ ” എന്ന പദം പറഞ്ഞതിന് ശേഷമാണു ദേശത്തിന് സൗഖ്യം വരുത്തി കൊടുക്കും എന്ന് പറഞ്ഞിരിക്കുന്നത്. ഇത് മനസ്സിലാക്കാൻ വാക്യം 11 മുതൽ പഠിക്കണം. ശലോമോൻ രാജാവ് തന്റെ മഹത്വത്തിനും, ബുദ്ധി, ശക്തി, വൈഭവ, പ്രതാപത്തിൽ പണി തീർത്തതായ ആലയത്തിന്റെ പ്രതിഷ്ഠക്കു മുൻപ്, രാത്രിയിൽ ദൈവം ശലോമോനെ സന്ദർശിച്ച്, ദൈവം തന്നെത്താൻ ശലോമോനോട് സംസാരിച്ച കാര്യമാണ് 11 മുതൽ 14 വരെ യുള്ള വാക്യങ്ങളിൽ കാണുന്നത്. വാക്യം 13 ൽ 3 വിപത്തനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.അതിൽ ഒന്നാമത്തേത് മഴ പെയ്യാതിരിക്കേണ്ടതിനു ആകാശം അടച്ചു കളഞ്ഞാൽ… എന്നതാണ്. ഇത് ഏലിയാവിന്റെ കാലത്ത് സകല ഇസ്രായേലും നേരിട്ട ഒരു ദേശീയ പ്രതിസന്ധി ആണ്. മൂന്നര വർഷക്കാലം ദൈവം മഴ പെയ്യാതെ വണ്ണം ആകാശം അടച്ചു കളഞ്ഞു. അത് രാജാവിനെയും, പ്രജകളെയും ഒരുപോലെ ബാധിച്ചു. അത് ഒരു ദേശീയ വിപത്ത് ആയി മാറി. രണ്ടാമതായി പറയുന്നത് ദേശത്തെ തിന്നു മുടിക്കേണ്ടതിനു വെട്ടുക്കിളിയോട് കൽപ്പിക്കുകയോ ചെയ്താൽ… എന്നാണ്. ഇത് മിസ്രയേമിൽ മോശയുടെ കാലത്ത് സംഭവിച്ച വിപത്തിനെ ഓർമിപ്പിക്കുന്നു. അന്ന് മിസ്രയേമിൽ ഇറങ്ങിയ വെട്ടു കിളികൾ, രാജാവിനെയും, പ്
രജകളെയും ഒരുപോലെ ബാധിച്ചു. അത് ഒരു രാഷ്ട്രീയ ദുരന്തം ആയി മാറി. സകലരും ബാധിക്കപ്പെട്ട ഒരു ദേശീയ ദുരന്ത മായിരുന്നു മിസ്രയേമിലെ വെട്ടുക്കിളികൾ. അത് ദൈവം അയച്ചത് ആയിരുന്നു. മൂന്നാമതായി എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ…ഇതും പഴയ നിയമത്തിൽ, മിസ്രേമിൽ അയച്ച മഹാമാരി, (പ്ലെഗ് ), പരുക്കളെ സൂചി പ്പിക്കുന്നു.
അവസാന ബാധ ആയ കടിഞ്ഞൂൽ സംഹാരം, യാതൊരു രോഗ മായോ, അല്ലെങ്കിൽ രോഗ ലക്ഷണമായോ അല്ല പ്രത്യക്ഷപ്പെട്ടത്. രാജാവിനെയും പ്രജകളെയും ഒരുപോലെ ബാധിച്ച ഒരു ദേശീയ ദുരന്തം ആയിരുന്നു അത്.
ദൈവം തന്റെ ശക്തി പ്രദർശിപ്പിക്കുവാനായി തന്റെ ജനത്തിന് മേലും, ശത്രുക്കളുടെ മേലും മഹാമാരികൾ അയച്ച സന്ദർഭങ്ങൾ ഉണ്ട് (പുറപ്പാട് 9: 14, 16). ഫറവോൻ യിസ്രയേൽ ജനത്തെ അടിമത്വത്തിൽ നിന്ന് വിട്ടയക്കേണ്ടതിന് ദൈവം മിസ്രയീമിൽ ബാധകളെ അയച്ചു, എന്നാൽ യിസ്രയേൽ ജനത്തിന് അത് ബാധിക്കാതെ സൂക്ഷിക്കപ്പെട്ടു. (പുറപ്പാട് 12: 13; 15: 26). ദൈവത്തിന് ബാധകളുടെ മേലും, മഹാമാരികളുടെമേലും സർവ്വാധികാരമുണ്ടെന്നു ഇത് സൂചിപ്പിക്കുന്നു.
ഇതെല്ലാം ഓർമിപ്പിച്ചിട്ട് ദൈവം ശലോമോനോട് വാക്യം 14 ൽ ഇങ്ങനെ പറയുന്നു, ഇങ്ങനെ യുള്ള പ്രതിസന്ധികൾ മേലിൽ ഉണ്ടായാൽ, നീ എനിക്ക് വേണ്ടി ഉണ്ടാക്കിയതായ ഈ ആലയത്തിൽ വന്നു പ്രാർത്ഥിക്കുമ്പോൾ ഞാൻ കേൾക്കും പക്ഷേ….ആ പ്രാർത്ഥന 3 നിബന്ധനകൾ അനുസരിച്ചുള്ളതാണെങ്കിൽ മാത്രം ഞാൻ ദേശത്തിന് സൗഖ്യം കൊടുക്കും എന്നാണ് ദൈവം പറയുന്നത്. ആലയത്തിൽ ഒരുമിച്ചു കൂടിയത് കൊണ്ട് ദേശത്തിന് സൗഖ്യം ലഭിക്കില്ല. ഒരുമിച്ചു പ്രാർത്ഥിച്ചതുകൊണ്ട് ദേശത്തിന് സൗഖ്യം കിട്ടില്ല. #ദേശത്തിന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുമ്പോൾ എപ്രകാരം പ്രാർത്ഥിക്കണം എന്നു ദൈവം സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്.# വാക്യം 14 ൽ എങ്കിൽ എന്ന പദം ശ്രദ്ധിക്കുക. അതിനു മുൻപ് പറഞ്ഞിട്ടുള്ള 3 നിബന്ധനകൾ അനുസരിച്ച് പ്രാർത്ഥിച്ചാൽ, പ്രാർത്ഥിക്കുമെങ്കിൽ, ഞാൻ ദേശത്തിന് സൗഖ്യം കൊടുക്കും എന്നാണ് അതിന് അർത്ഥം.
യേശു പറഞ്ഞു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ജാതികളെ പോലെ ജൽപനം ചെയ്യരുത് ദൈവം പറയുന്ന കണ്ടീഷൻ, നിബന്ധനകൾ അനുസരിച്ച് പ്രാർത്ഥിച്ചാൽ ദേശത്തിന് സൗഖ്യം ഉറപ്പാണ്. അല്ലാതെ എത്ര പ്രാർത്ഥിച്ചാലും, എത്രനേരം പ്രാർത്ഥിച്ചാലും, എത്ര ദിവസം പ്രാർത്ഥിച്ചാലും, എത്ര പേർ പ്രാർത്ഥിച്ചാലും ഒരു പ്രയോജനവുമില്ല.
ദേശത്തിന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുമ്പോൾ പാലിക്കുവാൻ ദൈവം ആവശ്യപ്പെട്ട നിബന്ധനകൾ.
1. തങ്ങളെ തന്നെ താഴ്ത്തുക.
ദൈവം സംസാരി
ക്കുന്നതു ശലോമോൻ രാജാവിനോട് ആണ്. ബുദ്ധിയിലും, ശക്തിയിലും, പ്രതാപത്തിലും ഏറ്റവും ശ്രേഷ്ഠൻ എന്നഭിമാനിച്ച ശലോമോൻ രാജാവേ, ദേശം മഹാമാരിയാൽ ബാധിക്കപ്പെടുമ്പോൾ, നീ യും നിന്റെ ജനവും, സ്ഥാന മാനങ്ങളും, അധികാരങ്ങളും, പദവികളും എല്ലാം മറന്ന്, ഞാൻ ഒന്നുമില്ല, എനിക്ക് ഒന്നിനും കഴിവില്ല, ഞാൻ അശക്തൻ എന്ന് സമ്മതിച്ച്, നിന്റെ പിതാവായ ദാവീദിനെ പോലെ, അധികാരത്തിന്റെ രാജവസ്ത്രം അഴിച്ചു വച്ച്, അധികാരത്തിന്റെ രാജ ദണ്ഡ് നിലത്തിട്ട്, ഒരു സാധാരണക്കാരന്റെ വേഷമായ പഞ്ഞി നൂലങ്കി ധരിച്ച്, എന്റെ പെട്ടകത്തിനു മുൻപിൽ തന്നെത്താൻ താഴ്ത്തി യതുപോലെ, ശലോമോനെ, നീയും അധികാരവും, പദവിയും മറന്ന് നിന്നെ തന്നെ താഴ്ത്തി പ്രാർത്ഥിച്ചാൽ ഞാൻ പ്രാർത്ഥന കേൾക്കും. നീ രാജാവാണ് എന്നുള്ള അഹങ്കാരത്തോടും, അധികാരത്തോടും പ്രാർത്ഥിച്ചാൽ ഞാൻ കേൾക്കില്ല. അതുകൊണ്ട് ദേശത്തിന്റെ സൗഖ്യത്തിനായി, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം രാജാവെന്നോ, പ്രജയെന്നോ വ്യത്യാസമില്ലാതെ,തങ്ങളെ തന്നെ താഴ്ത്തി പ്രാർത്ഥിക്കട്ടെ
ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു.
രണ്ടാമതായി ദേശത്തിന്റെ സൗഖ്യത്തിനായി ദൈവ മുഖം അന്വേഷിക്കുക. ലോകം കണ്ടിട്ടുള്ള ഏറ്റവും ബുദ്ധിമനും, ശക്തിമാനും ആയ രാജാവിനോട് ദൈവം പറയുന്നു, ദേശം മഹാ മാരിയാൽ ബാധിക്കപ്പെ ടുമ്പോൾ, നീ നിന്റെ ബലത്തിലോ, ശക്തിയിലോ ആശ്രയിക്കാതെ, നിന്നെ പ്പോലെയുള്ള മറ്റു രാജാക്കന്മാരുടെ ശക്തിയെ അന്വേഷിക്കാതെ യഹോവയായ എന്റെ മുഖം അന്വേഷിക്കുന്നു എങ്കിൽ, ഞാൻ ദേശത്തിന് സൗഖ്യം കൊടുക്കും.”യഹോവയെയും അവന്റെ ബലത്തെയും തിരവിന് ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന് .” (Psalm 105:4). യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്.യിരെമ്യാവ് 9:23
“നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്”. സങ്കീർത്തനം 146:3.
മൂന്നാമതായി ദേശത്തിന്റെ സൗഖ്യത്തിനായി പ്രാർഥിക്കുമ്പോൾ പാലിക്കേണ്ട നിബന്ധന:
തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു തിരിയുമെങ്കിൽ…
ആദ്യത്തെ രണ്ടു
നിബന്ധനകളും നമുക്ക് വളരെ ലളിതമായി മനസ്സിലാകുന്നതും, നാം പാലിക്കുന്നതും ആണ്. എന്നാൽ മൂന്നാമത്തെ നിബന്ധന പലർക്കും അറിയില്ല. അറിയാമെങ്കിൽ തന്നെ അതിനെ വിട്ടു പിരിയാൻ തയ്യാറല്ല. നമ്മിൽ അങ്ങനെ ഒരു കാര്യം ഇല്ല എന്നു നടിക്കുന്നു. എന്താണ് ദുർമാർഗം? നമ്മുടെ (എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനത്തിന്റെ) ഇടയിൽ ദുർ മാർഗം ഉണ്ടോ? ഉണ്ട് എന്നതാണ് സത്യം. ദുർമാർഗം എന്ന പദം എന്നെ ബാധിക്കുന്നതല്ല, രക്ഷിക്കപ്പെടാത്തരെ, സഭക്ക് വെളിയിലുള്ള അവിശ്വസികളെ ബാധിക്കുന്ന കാര്യം ആണെന്നാണ് പലരുടെയും ധാരണ. എന്നാൽ ദൈവം ഇവിടെ പറയുന്നത് തന്റെ ജനത്തിന്റെ, തന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന തന്റെ ജനത്തിന്റെ ഇടയിലുള്ള ദുർമാർഗത്തെ ആണ്.
ദുർ മാർഗം എന്നതിന് ഹിന്ദിയിൽ ബുരി ചാൽ എന്നാണ്. ശരിയായ മാർഗത്തിൽ കൂടി അല്ലാത്ത നടത്തം, യാത്ര എന്നൊക്കെ പറയാം.ഇംഗ്ലീഷിൽ WICKED WAYS. വിക്കഡ് വെയ്സ്. എന്നാണ്. വളഞ്ഞ വഴി എന്നാണ് അതിന് അർത്ഥം. ദൈവ ജനത്തിന്റെ ഇടയിൽ വളഞ്ഞ വഴികൾ ഉണ്ടോ? ഉണ്ട്. പണം സാമ്പാദനത്തിനായി സ്വീകരിക്കുന്ന വളഞ്ഞ വഴികൾ, അധികാരം പിടിച്ചെടുക്കാൻ ഉപയോഗിക്കുന്ന, ഉപയോഗിച്ച വളഞ്ഞ വഴികൾ, അധികാരം നില നിർത്താൻ ഉപയോഗിച്ച, ഉപയോഗിക്കുന്ന വളഞ്ഞ വഴികൾ, കസേര കിട്ടാൻ ഉപയോഗിച്ച, ഉപയോഗിക്കുന്ന വളഞ്ഞ വഴികൾ…. നേരെയുള്ള വഴിയേ അല്ലാതെ, കുറുക്കു വഴിയിലൂടെ, വളഞ്ഞ വഴിയിലൂടെ സാമ്പാദിച്ച സമ്പത്ത്, അധികാരം, പദവി, കസേര എല്ലാം ദൈവ വചന പ്രകാരം ദുർ മാർഗം ആണ്. വേദ പുസ്തക പ്രമാണം പോലെ തന്നെ, ഉൾപ്പെട്ടു നിൽക്കുന്ന പ്രസ്ഥാനത്തിന്റെ നിയമങ്ങൾ പാലിക്കാതെ, കുറുക്കു വഴിയിലൂടെയും, വളഞ്ഞ വഴിയിലൂടെയും അധികാരം കയ്യേറുന്നതും, അധികാര കസേര ഉറപ്പിക്കുന്നതും ദുർ മാർഗം (നേരെ അല്ലാത്ത മാർഗം )തന്നെ ആണ്.
ഇങ്ങനെ ദൈവജനത്തിന്റെ ഇടയിലുള്ള ദുർമാർഗം വിട്ടു തിരിഞ്ഞ്, തങ്ങളെ തന്നെ താഴ്ത്തി പ്രാർത്ഥിച്ചു ദൈവ മുഖം അന്വേഷിച്ചു പ്രാർത്ഥിക്കുന്നു എങ്കിൽ ജനത്തിന്റെ പാപം ക്ഷമിച്ച് അതുമൂലം ദേശത്തിനും, ദേശ വാസികൾക്കും സൗഖ്യം നൽകുമെന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്. ദൈവ ജനം അവരുടെ ദുർ മാർഗങ്ങളെ അഥവാ വളഞ്ഞ വഴികളെ വിട്ടു പിരിയാതെ എത്ര പ്രാർത്ഥിച്ചാലും, എത്ര ദിവസം പ്രാർത്ഥിച്ചാലും പ്രയോജനമില്ല. ദൈവം അന്നും ഇന്നും തന്റെ വചനപ്രകാരം മാത്രമേ പ്രവർത്തിക്കുകയുള്ളു. നമുക്ക് ദൈവത്തെ വളയ്ക്കുവാൻ കഴിയുകയില്ല. ദൈവം ആരുടേയും പൈസയുടെയും, അധികാരത്തിന്റെയും, പദവിയുടെയും മുൻപിൽ വളയുകയില്ല. വളഞ്ഞ വഴി അഭ്യസിച്ച മനുഷ്യർ ദൈവത്തെ യും വളയ്ക്കാം എന്നു വിചാരിക്കരുത്.സകല വളഞ്ഞ വഴികളും പ്രയോഗിച്ചിട്ടു ദേശത്തിന്റെ സൗഖ്യത്തിനായി മനുഷ്യർ വിളങ്ങുന്ന ഉപവാസമോ, ചെയിൻ പ്രയർ, ഒന്നും നടത്തിയിട്ടു കാര്യമില്ല. വചനത്തിലേക്കു ദൈവ ജനം മടങ്ങി വരട്ടെ. വളഞ്ഞ വഴികളെ, ദുർ മാർഗങ്ങളെ ഉപേക്ഷിച്ചു കൊണ്ട്, ഏറ്റു പറഞ്ഞുകൊണ്ട് ദൈവ സന്നിധിയിൽ പ്രാർത്ഥിക്കാം. അപ്പോൾ ദേശത്തിന് സൗഖ്യം ഉണ്ടാകും.
“യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.”സങ്കീർത്തനം 127:1
“ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു.. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് വരുന്നു ” സങ്കീർത്തനം 121:1
സഹായം വരുന്ന പർവതത്തിലേക്കു കണ്ണുകൾ ഉയർത്തി പ്രാർത്ഥിക്കുമ്പോൾ 2 ദിനവൃത്താ ന്തം 7:14 ൽ പറഞ്ഞിരിക്കുന്നു 3 നിബന്ധനകൾ അനുസരിച്ചു പ്രാർത്ഥിക്കാം. അങ്ങനെ പ്രാർത്ഥിച്ചാൽ
ദൈവം ദേശ
ത്തിന് സൗഖ്യം വരുത്തും.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!
പാസ്റ്റര്. സി. ജോണ് . ഡല്ഹി.